പ്രകാശവർഷം

പ്രകാശൻ അവൻ്റെ പതിവ് കൊനെഷ്ട് ചോദ്യങ്ങളുടെ ഭാഗമായി ഈയിടെ ചോദിച്ച ഒരു ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു.
ആഴ്ചകൾക്ക് എന്തുകൊണ്ട് ഏഴ് ദിവസം? എന്ത് കൊണ്ട് അഞ്ചോ എട്ടോ ദിവസമായില്ല?

പതിവ് പോലെ അന്നും അവനെ പുച്ഛിച്ചിട്ട് പോന്നെങ്കിലും, പിന്നെ ഓർത്തപ്പോൾ ഒരു കൗതുകം തോന്നി.

എന്ത് കൊണ്ട്?

ആലോചിച്ചിട്ടും വല്യ കാരണങ്ങളൊന്നും കിട്ടാഞ്ഞിട്ട് ആഴ്ചയെ ഒന്ന് മാറ്റിപ്പിടിച്ച്, മാസങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി.
എന്ത് കൊണ്ട് ചില മാസങ്ങൾക്ക് 28 ഉം, മറ്റ് ചിലതിന് 30 ഉം, പിന്നേം ചിലതിന് 31 ഉം ദിവസങ്ങൾ?

എന്ത് കൊണ്ട്?

എല്ലാ മാസവും കൃത്യം 28 ദിവസങ്ങളായിരുന്നുവെങ്കിൽ മാസാന്ത്യം കിട്ടുന്ന ശമ്പളത്തിന് ഒരു വൃത്തിയും മെനയും കണ്ടേനെ! തുല്യ ജോലിക്ക് തുല്യ വേതനം. സോഷ്യലിസം!

മാസങ്ങളുടെ രുപീകരണ വേളയിലും കരട് രേഖയിലുമൊക്കെ ഇരുപത്തെട്ട് ദിവസം (നാലാഴ്‌ച ) തന്നെ ആയിരുന്നിരിക്കണം. അങ്ങനെ വരുമ്പോൾ ഒരാണ്ടിൽ നാല്പത്തെട്ട്‍ ആഴ്ച (336 ദിവസം). ബാക്കി വരുന്ന ഇരുപത്തോമ്പതേകാൽ ദിവസം. ഒന്നുകിൽ പതിമൂന്നാമാതൊരു മാസമാക്കാം. അല്ലെങ്കിൽ ബാക്കി വരുന്ന ഇരുപത്തോമ്പതേകാൽ ദിവസം, കാർഷിക കിട്ടാക്കടമായോ, വക മാറ്റി ചെലവ് ചെയ്തതായോ, വണ്ടിക്കൂലി, മറ്റ് ചിലവുകൾ എന്നിവയിൽ ഉൾപ്പെടുത്തിയോ, എഴുതിത്തള്ളാം.

പതിമൂന്നാം മാസം രൂപീകരിച്ചാൽ, ബാക്കി വെറും ഒന്നേകാൽ ദിവസം. അത്യാവശ്യത്തിത്തിനൊരു കാഷ്വൽ ലീവിന് തന്നെ കഷ്ടി. അതുകൊണ്ട് പതിമൂന്നാം മാസം എന്ന ഐഡിയ ആദ്യം തന്നെ സ്ക്രാപ്പ് ചെയ്ത് കാണണം. ഇനി മിച്ചം വരുന്ന ഇരുപത്തോമ്പതേകാൽ ദിവസവും എഴുതിത്തള്ളിയാൽ, ഭാവിയിൽ അഴിമതി, ധൂർത്ത്, ഇത്യാദി ആരോപണങ്ങൾ നേരിടേണ്ടി വന്നേക്കാം. പിന്നെ വിജിലൻസായി, അന്വേഷണമായി പൊല്ലാപ്പായി. “സ്രാവുകൾക്കൊപ്പം നീന്തിയതിന്റെയൊക്കെ” തത്തയുടെ പ്രതിപാദ്യങ്ങൾ വേറെയും!

അത് വേണ്ട!
ഒരു വർഷം, കൃത്യം നാലാഴ്ച്ചകളുള്ള പന്ത്രണ്ട് തുല്യ മാസങ്ങൾ. ഇരുപത്തോമ്പതേകാൽ ദിവസം മിച്ചം. കാൽക്കുലേഷൻ സിംപിൾ. കൺട്രോൾ സിംപിൾ. എല്ലാരും ഹാപ്പി!

പക്ഷേ, നമ്മളല്ലേ പുള്ളികൾ!
രാഷ്ട്രീയ ഇടപെടലുകൾ, പിൻവാതിൽ നിയമനം, സ്പോർട്ട് സ് ക്വോട്ടാ , എന്നിവയൊക്കെ ഉപയോഗിച്ച്, ബാക്കി വന്ന ഇരുപത്തൊമ്പത് ദിവസങ്ങളെയും ഓരോ മാസങ്ങളുടെ കൂടെ പലപ്പോഴായി തിരുകിക്കേറ്റി. ബാക്കി വന്ന വെറും കാൽ ദിവസത്തെപ്പോലും വെറുതെവിട്ടില്ല, കശ്മലന്മാർ. നാല് വർഷം തികച്ച് വളർച്ചയെത്തിയപ്പോൾ അതിനേം തിരുകിക്കേറ്റി, ഫെബ്രുവരിയിൽ!

അത്താഴം കഴിച്ച് മിച്ചം വരുന്ന ചോറും കറിയും തിരിച്ച് ഫ്രിഡ്ജിൽ കയറ്റാനുള്ള മടി കൊണ്ട്, ഭാര്യ സ്നേഹപൂർവ്വം “ഇതും കൂടെയങ്ങു കഴിക്ക് ” എന്ന് പറഞ് എന്റെ പ്ളേറ്റിലേക്ക് വിളമ്പുമ്പോൾ, കൊള്ളാവുന്നതിലും ഇരട്ടി തുണി അവൾ വാഷിങ് മെഷീനിലേക്ക് കുത്തിക്കയറ്റുമ്പോൾ, ഒക്കെ, ഞാൻ ഈ മാസക്കണക്ക് സ്മരിക്കാറുണ്ട്.

യാത്ര

മരണത്തെക്കുറിച്ചാണ്. അതിന്റെ ഓർമ്മപ്പെടുത്തലുകളെക്കുറിച്ചാണ്. ഓർമ്മപ്പെടുത്തലുകളുടെ ജീവിതങ്ങളെക്കുറിച്ചാണ്.

അപ്പന്റെ ഒന്നാം ആണ്ടിന് ഏഴ് ദിവസത്തേക്ക് നാട്ടിൽ ചെന്ന എന്നെ എതിരേറ്റത് ശീതീകരിച്ച ശവവണ്ടിയിൽ കിടന്ന് പള്ളിയിലേക്ക് പോകുന്ന ഒരു വൈദികനാണ്.

പിന്നെ, കുടിക്കാൻ കൂട്ടിന് വേണ്ടി കുടിപ്പിച്ചും കുടിച്ചും കരൾ നഷ്ടപ്പെട്ട എന്റെ കളിക്കൂട്ടുകാരൻ. കൈയിൽ നിറയെ പണമുണ്ടായിട്ടെന്ത്? മാറ്റിവയ്ക്കാൻ ഒരു കരളിന് അപേക്ഷ കൊടുത്തിട്ട് സ്വന്തം വീടിന്റെ ഏകാന്തയിലേക്ക് ഒതുങ്ങിയിരിക്കുകയാ. അവന് ഇത്തിരി സമയം കൊടുക്കാൻ പഴയ കുടിക്കൂട്ടുകാർക്കൊന്നും സമയമില്ല.സമയമുണ്ടായിരുന്ന ഞാൻ അവനുമായി പോയിരുന്ന് പഴയ കുസൃതികൾ അയവിറക്കി ചിരിച്ചു. ചിരിയല്ലാതെന്തുണ്ട് എനിക്കവന് കൊടുക്കാൻ?

ആണ്ടുദിവസം മഹാവൈദികനും ബന്ധുക്കളും നാട്ടുകാരും അപ്പനെ വിതുമ്പി ഓർത്തു. അതിന് ശേഷം പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു.

കുറച്ച് നാൾ മുമ്പ് മദ്യലഹരിയിൽ ഒരു ബസിന്റെ അടിയിലേക്ക് വണ്ടിയോടിച്ച് കയറ്റി, അനേക മാസങ്ങളുടെ ആശുപത്രിവാസത്തിന് ശേഷം, രണ്ടു കുഞ്ഞുങ്ങളെയും, കുടുംബപ്രാരാബ്ദങ്ങളൊക്കെയും ഭാര്യയുടെ തോളിലേക്ക് കയറ്റിവച്ച് ഒരു വീൽ ചെയറിലേക്ക് ശേഷജീവിതം പറിച്ച്‌ നട്ട വേറൊരു സുഹൃത്ത് കെട്ടിപ്പിടിച്ച് അവ്യക്തമായ ഭാഷയിൽ കാര്യങ്ങൾ തിരക്കി. അവനറിവുണ്ടായിരുന്നതും എന്നാൽ മാഞ്ഞുപോയതുമായ ഇന്നലെകളുടെ കാര്യങ്ങൾ.

ഇതിനിടെയിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ ഉണ്ടായില്ലെന്നല്ല. എന്നാലും ഈ ദിവസങ്ങൾ,

മരണത്തെക്കുറിച്ചായിരുന്നു. അതിന്റെ ഓർമ്മപെടുത്തലുകളെക്കുറിച്ചായിരുന്നു. ഓർമ്മപ്പെടുത്തലുകളുടെ ജീവിതങ്ങളെക്കുറിച്ചായിരുന്നു.

റൈറ്റേഴ്‌സ് ബ്ലോക്ക്

ഹിൽസ്റ്റേഷൻ കോട്ടേജ് ബാൽക്കണിയിലെ ഇളം തണുപ്പിലിരിക്കുമ്പോഴും അയാളുടെ മുന്നിലിരുന്ന നോട്ട് പാഡിൽ ഒരു വരി പോലും കുറിക്കപ്പെട്ടിരുന്നില്ല. ആഴ്ചയൊന്നായിരിയ്ക്കുന്നു, നഗരത്തിന്റെയും കുടുംബത്തിന്റെയും തിരക്കുകൾ വിട്ട്, ഇവിടെ വന്ന് ഈ ഏകാന്തവാസം തുടങ്ങിയിട്ട്.

കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും കാലത്തുണർന്ന്, കുളിച്ചുന്മേഷവാനായി എഴുത്ത് മേശയ്ക്ക് മുന്നിലിരുന്നു. അയാളും എഴുത്ത് സാമഗ്രികളും റെഡി.
എന്ത് കൊണ്ടോ, എഴുത്ത് മാത്രം നടന്നില്ല. ഒരു വരി പോലും.

ഇന്നെന്തോ, കുളിക്കാൻ തോന്നിയില്ല. എഴുത്ത് മേശയ്ക്കു മുന്നിലുള്ള ഈ തപസ്സിരുപ്പും മടുത്തിരിക്കുന്നു.

എഴുന്നേറ്റു പോയി ടെലിവിഷൻ ഓൺ ചെയ്ത്, ചാരുകസേരയിൽ പോയി അലസമായി കിടന്നു. ചാനൽ മറിച്ച് വന്നപ്പോൾ ഏതോ സിനിമയിൽ കാഴ്ച്ചയുടക്കി.

വിശുദ്ധ സെബാസ്ത്യാനോസ് പുണ്യാളന്റെ അമ്പ് പെരുന്നാളിന്, പള്ളിപ്പറമ്പിൽ പെട്രോമാക്സിന്റെ മങ്ങിയ വെളിച്ചത്തിൽ, മുച്ചീട്ടുകളിക്കാരിൽനിന്നും കാഴ്ചക്കാരിൽനിന്നും ഉയരുന്ന  ബീഡിപ്പുകയുടെ ഇടയിൽ തെളിച്ചമില്ലാതെ കാണുന്ന മുഖത്തെ ക്രൗര്യമാർന്ന കണ്ണുകൾ ആണ് ടെലിവിഷൻ സ്ക്രീൻ നിറയെ.

അയാൾ നിവർന്നിരുന്ന്, അങ്ങനെയൊരു സീൻ എഴുതിയുണ്ടാക്കിയ സിനിമാക്കാരനെക്കുറിച്ചോർത്തു. അതോർത്തപ്പോൾ തന്നിലൊരുൾപ്പുളകമുണ്ടായതായി അയാളറിഞ്ഞു. പിന്നെയൊട്ടും താമസിച്ചില്ല, ചാടിയെഴുന്നേറ്റ് പോയി മടക്കി വച്ചിരുന്ന നോട്ട് പാഡ് എടുത്ത് കൊണ്ടുവന്ന്, ആ സിനിമാക്കാരന്റെ ചിന്താമണ്ഡലത്തിൽ കയറിയിരുന്ന്, തോരെ തോരെ എഴുതിത്തുടങ്ങി.

ബലാബലം

അവളും ഞാനും നില്ക്കുകയാണ്, കൂനകൂട്ടിയിട്ടിരിക്കുന്ന വമ്പൻ വടത്തിന്റെ ഒത്തനടുവിൽ കെട്ടിയിരിക്കുന്ന ചുവന്ന റിബ്ബണിന്റെ ഇരുവശവുമായി. മത്സരം ഞങ്ങൾ രണ്ടുപേർ  തമ്മിൽ മാത്രമാണേലും, വലിയൊരു പുരുഷാരം തന്നെ തടിച്ചുകൂടിയിട്ടുണ്ടവിടെ. ‘പുരുഷാരം’ എന്നത് ഒരാലാങ്കാരിക പദം മാത്രമാ. ഗ്രാമത്തിലെ ഒരുവിധം എല്ലാപേരും തന്നെ ആ കൂട്ടത്തിലുണ്ട്, സ്ത്രീപുരുഷഭേദമന്യേ!

ആൾക്കൂട്ടത്തിൽ ഭൂരിഭാഗവും അവളുടെ ബന്ധുക്കളും, ചാർച്ചക്കാരും, അവൾക്കു വേണ്ടപ്പെട്ടവരുമാ. എല്ലാവരേം അവൾ വിളിച്ച് വരുത്തിയിരിക്കുന്നു. എന്തിനധികം, പതിനഞ്ചു കൊല്ലം മുമ്പ്, അങ്ങ് കൊച്ചീന്ന് ഇവിടെ വന്ന്  പാർത്തവളാണേലും, നാട്ടുകാരുപോലും ഒരു നല്ല ഭാഗം അവളുടെ കൂടെയാ. വന്നകാലം മുതൽ, സ്ഥിരമായ കഠിനാധ്വാനം കൊണ്ടും, നല്ല പെരുമാറ്റം കൊണ്ടും, എല്ലാവരെയും കൈയിലെടുത്തിരിക്കുന്നു, അവൾ. മിടുക്കി!

എനിക്ക് വേണ്ടി കൈയ്യടിക്കാനും, പ്രോത്സാഹിപ്പിക്കാനും, എന്റെ പഴയ കുറെ സുഹൃത്തുക്കളും, പൊതുവേ യാഥാസ്ഥിതികരെന്ന് നാട്ടുകാർ കണക്ക്കൂട്ടുന്ന കുറെ അപ്പാപ്പന്മാരും മാത്രം.

ഈ ജനക്കൂട്ടത്തിന്റെ നടുവിൽ, ഞാനൊട്ടും സ്വസ്തനല്ല. അവളാകട്ടെ, എല്ലാവരോടും ചിരിച്ചും, കുശലം പറഞ്ഞും, ചിലർക്കെല്ലാം കൈകൊടുത്തും, അവരുടെ സ്നേഹം ആസ്വദിക്കുകയും. അവൾ നല്ല ആത്മവിശ്വാസത്തിലാണ്. ഞാനോ?

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലേൽ, അവളീ മത്സരം പുല്ലുപോലെ ജയിക്കും!

ഞായറാഴ്ച്ചക്കുർബാന കഴിഞ്ഞത് കൊണ്ട്, റഫറിയായി ഇടവകപ്പള്ളിയിലെ  വികാരിയച്ചനും എത്തിയിട്ടുണ്ട്. മത്സരം തുടങ്ങാൻ സമയമായപ്പോൾ, വികാരിയച്ചൻ ഞങ്ങൾ രണ്ടുപേരോടും, ജനക്കൂട്ടത്തോടുമായി കാര്യങ്ങൾ വിശദീകരിച്ചു.കൃത്യമായി പത്ത് വാര അകലത്തിൽ വരച്ചിരിക്കുന്ന മൂന്നു വരകളിൽ നടുവിലത്തെ വരയുടെ ഒത്ത മുകളിലായിരിക്കണം, വടത്തിന്റെ നടുവിൽ കെട്ടിയിരിക്കുന്ന ചുവന്ന റിബ്ബണ്‍. വടംവലി തുടങ്ങുമ്പോൾ മത്സരാർത്തികളായ നിങ്ങൾ രണ്ടുപേരും, വശങ്ങളിൽ വരച്ചിരിക്കുന്ന വരയുടെ പുറകിൽ നിൽക്കണം. അത് നിങ്ങളുടെ വരയാണ്. മത്സരം തുടങ്ങാനുള്ള വിസിൽ മുഴങ്ങിയാൽ, വലി തുടങ്ങാം. ആരാദ്യം ചുവന്ന റിബ്ബണ്‍ തന്റെ വരയുടെ പുറകിലേക്ക് കൊണ്ടുവരുന്നോ, അവരാണ് വിജയി.

മത്സരവ്യവസ്ഥകൾ മനസ്സിലായോ എന്ന വികാരിയച്ചന്റെ ചോദ്യത്തിന്, ഞങ്ങൾ രണ്ടുപേരും തലകുലുക്കി.

മത്സരം തുടങ്ങാനുള്ള വിസിൽ മുഴങ്ങി.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വിസിൽ കേട്ടതും, വാശിയോടെ വടം വലിച്ചു തുടങ്ങിയ അവൾ വാശി മൂക്കവേ, എന്റെ ദുർബല ശരീരത്തിന്റെ നേർത്ത ചെറുത്ത്നിൽപ്പ് വകവയ്ക്കാതെ, വടവും വലിച്ചുകൊണ്ടോടാൻ തുടങ്ങി. എന്റെ പിന്നിൽ കൂനയായി കിടന്നിരുന്ന വടച്ചുരുൾ വേഗത്തിൽ അപ്രത്യക്ഷമാവാനും!

നേരം എത്ര കഴിഞ്ഞുവെന്ന് തിട്ടമില്ല. കണ്ണ് തുറന്ന് നോക്കുമ്പോൾ അവളോ, വടമോ, വികാരിയച്ചനോ, പുരുഷാരം തന്നെയുമോ ഇല്ല. പിന്നെയോ, വടം വലിക്കാൻ മുന്നോട്ടാഞ്ഞു നിന്ന നില്പിൽ ഞാനും, നടുവിലത്തെ വരയിൽ കൃത്യമായി വീണ് കിടക്കുന്ന ചുവന്ന റിബ്ബണും മാത്രം!

 

 

 

 

സിനിക്കൽ അലക്കുകൾ

  • ഇപ്പോൾ നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ അവനവനെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ്. ദയവായി അവന്റെ ഈ പിരാന്ത്‌ മാറുന്നവരെ കാത്തിരിക്കുക, അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും വിളിക്കുക!
  • സോഷ്യൽ മീഡിയ സഹായിക്കുമെന്ന് കരുതി, ജനിച്ചപ്പോൾ മുതൽ ഇന്നലെ വരെ നമ്മളെ തൊട്ടും, തഴുകിയും, തലോടിയും, തല്ലുകൂടിയും, തള്ളിമാറ്റിയും, തട്ടിയിട്ടും, ഒഴിഞ്ഞുമാറിയും, ഏറ്റുമുട്ടിയും, കണ്ടില്ലെന്ന് നടിച്ചും, കടന്നുപോയ ജീവിതങ്ങളെ, ഇന്നത്തെ സ്വകാര്യതയിലിരുന്നു സെർച്ച് ചെയ്തു കണ്ടുപിടിച്ച്, പുറകെ പോയി ചികയേണ്ടതുണ്ടോ?
  • ഉദ്യോഗ ഉടമ്പടി പുതുക്കിത്തരാനിരിക്കുന്ന നാട്ടുകാരൻ ഓരോ അപേക്ഷയും കമ്പ്യൂട്ടറിൽ തീർപ്പാക്കാനെടുക്കുന്ന വേഗം വെച്ച്‌, വരിയിൽ പതിനൊന്നാമനായി നിന്ന് കാൽ കഴയ്ക്കുന്ന എനിക്ക് അയാളിലെത്താൻ ഒരു മൂന്ന് മൂന്നര മണിക്കൂർ വേണ്ടി വരുമെന്ന് മനസ്സിൽ കണക്കുകൂട്ടി നിൽക്കെ, അയാളുടെ കഴിവ് ഞാൻ നോക്കിനിൽക്കെ വളർന്നു വലുതായി, എന്റെ അപേക്ഷ ഒരു രണ്ടു മിനുട്ടിൽ ശരിയാക്കി തരുന്നതായി വെറുതെ സ്വപ്നം കണ്ടു. എന്നിട്ട് ആ കഴിവ് പിന്നേം വളർന്നു പടർന്ന് പന്തലിച്ച്, വർഷങ്ങളായി ഞാൻ വെച്ച്കൊണ്ടിരിക്കുന്ന ജോലി എടുക്കുന്നതായി ഞാൻ സ്വപ്നം കണ്ടില്ല. മനപ്പൂർവം. അത്‌ ഇരിക്കുന്ന കൊമ്പ് മുറിക്കലാവില്ലേ?

മുഹൂർത്തം

ബസ്‌ ഇറങ്ങി, അടുത്ത് കണ്ട പെട്ടിക്കടക്കാരനോട് വഴി ചോദിച്ച്, കല്യാണമണ്ഡപത്തിലേക്ക് നടന്നു. നേരിയ ദാഹമുണ്ടായിട്ടും, ഒന്നും വാങ്ങി കുടിക്കാൻ നിന്നില്ല. സമയം ആണല്ലോ പ്രധാനം.

മണ്ഡപത്തിന്റെ മുന്നിലായി വിലപിടിപ്പുള്ള വാഹനങ്ങൾ എമ്പാടും പാർക്ക്‌ ചെയ്തിട്ടുണ്ട്‌.  ചില്ലറക്കാരല്ല വധൂന്റെയും വരന്റെയും കൂട്ടർ. കസവിലും പട്ടിലും പൊതിഞ്ഞ ദേഹങ്ങളാണ് എവിടെയും. എല്ലാവരും തിരക്കിട്ട് കുശലാന്വേഷണം നടത്തുകയോ, മറ്റുള്ളവരെ ഒളിഞ്ഞു ശ്രദ്ധിക്കുകയോ, മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒളിഞ്ഞു നിരീക്ഷിക്കുകയോ ഒക്കെ ആണ്. ചിലർ ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നുണ്ട്. എല്ലാവരിലും കാണാം ഒരു തിടുക്കം!

പുറത്തു നിൽക്കുന്നവരുടെ ഇടയിലൂടെ നടന്നു, മണ്ഡപത്തിന്റെ  പ്രധാന കവാടത്തിന്നരുകിൽ സ്ഥലം പിടിച്ച എന്നെ ആരും ശ്രദ്ധിച്ച മട്ടില്ല.അടഞ്ഞ വാതിലിനു പിന്നിൽ നിന്നും പതിഞ്ഞ താളത്തിൽ നാദസ്വരവും തകിലും ശ്രുതി നീട്ടുന്നത് കേൾക്കാം.അകത്തു തന്നേയും കാത്ത് അക്ഷമരായിരിക്കുന്ന വധൂവരന്മാരെ എനിക്കും അകക്കണ്ണിൽ കാണാം.

ചടങ്ങിനു കയറാൻ സമയമായിരിക്കുന്നു എന്ന് മനസ്സിലോർത്ത്, ആരോ തുറന്നുപിടിച്ച വാതിലിലൂടെ അകത്തേക്ക് പാളി നോക്കിയതും, വധുവിന്റെ കാർന്നോർ, എന്നെ കണ്ടു, “മുഹൂർത്തം” എന്ന് ഉച്ചസ്ഥായിയിൽ പ്രഖ്യാപിച്ചു. അത് കേൾക്കേണ്ട താമസം, കൊട്ടും കുഴലും കുരവയും മുറുകി. വധൂവരന്മാർ പരസ്പരം മാല ചാർത്തി. ചുറ്റും കൂടി നിന്നവർ പൂ വിതറി.

കരയോഗം ഗുമസ്ഥൻ  നീട്ടിയ രജിസ്റ്ററിലെ സാക്ഷി കോളത്തിൽ ഒപ്പുവെച്ച്, സദ്യക്ക്‌ പോലും നിൽക്കാതെ, ഞാൻ തിരക്കിട്ട് ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു, മടക്കബസ്‌ പിടിക്കാൻ!

പ്രലോഭനം

വൈകുന്നേരം പതിവുസമയം  കഴിഞ്ഞും പാൽക്കാരനെ കാണാഞ്ഞപ്പോൾ  അവൻ ഉണങ്ങിയ ചുള്ളിവിറക് കൂട്ടി അടുപ്പു കത്തിച്ച് ചായക്കലത്തിൽ വെള്ളം വെച്ചു. വെള്ളം വെട്ടിത്തിളച്ചപ്പോൾ തേയിലയും പഞ്ചസാരയുമിട്ട്  ഒരു ചില്ല്  ഗ്ലാസ്സിലേക്ക്‌ ഊറ്റിയെടുത്തു. അടുപ്പിലെ തീ കുത്തിക്കെടുത്തി, ഗ്ലാസ്സുമെടുത്തു അവൻ ജനാലക്കൽ പോയി നിന്ന്, കൈയ്യിലെ ഗ്ലാസ്സുയർത്തി അസ്തമയസൂര്യന്റെ കിരണങ്ങൾ തട്ടിയ കട്ടൻചായയിലേക്കും, പുകയുന്ന അടുപ്പിലേക്കും മാറി മാറി നോക്കി.

പിന്നെ, എന്തും  തെറ്റിദ്ധരിക്കുകയും പ്രലോഭിതരാവുകയും ചെയ്യുന്ന പ്രേക്ഷകരുടെ നന്മയെ ഓർത്ത് “പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം” എന്ന ഒരു ബോർഡ് എടുത്തുകൊണ്ടു വന്ന് ജനാലയുടെ താഴെ, ഇടത്തേ മൂലയിലായി തൂക്കിയിട്ട്, ചൂട് കട്ടൻ ചായ മോത്തിക്കുടിക്കുവാൻ  തുടങ്ങി.

മാംഗല്യം

വധൂവരന്മാർ, കൊട്ട്, കുരവ, മേളം, ബന്ധുമിത്രാദികൾ എന്നിവരുടെ അകമ്പടിയോടെ മണ്ഡപത്തിൽ കാത്തുനിന്നു.

ഒരു പാശ്ചാത്യ തീവണ്ടിയുടെ കൃത്യതയോടെ മുഹൂർത്തം വന്നെത്തി മുരണ്ടുനിന്നു ധൃതികാട്ടി.

ഈ അവസരങ്ങളിൽ സ്വാഭാവികമായ വെമ്പലോടെ താലിമുറുക്കി, ഇരുവരും അവരവരുടെ ഭാണ്ടവുമെടുത്തു യാത്രയായി.

ഗതാഗതം

ഇവിടെ പ്രധാന റോഡുകളൊക്കെ മൂന്നുവരിപാതയാണ്. ഫാസ്റ്റ് ലെയ്ൻ, മിഡിൽ ലെയ്ൻ, പിന്നെ സ്ലോ ലെയ്ൻ.

ഫാസ്റ്റ് ലെയ്ൻ.

ഒരു പൊതു സ്വഭാവമെന്നോണം ഇവിടുത്തെ ലോക്കൽ ജനത ഫാസ്റ്റ് ലെയ്നിൽ മാത്രം വണ്ടി ഓടിക്കുന്നു. വാഹനമേതായാലും – കാറാകട്ടെ, ഡെലിവറി വാനാകട്ടെ, അതല്ല, വലിയ ട്രക്ക് തന്നെയാകട്ടെ – അവർ ഫാസ്റ്റ് ലെയ്നിലേ വാഹനം ഓടിക്കൂ. മുന്നിൽ പൊകുന്ന വാഹനത്തിന്റെ പിന്നിലെ ബമ്പറിൽ “തൊട്ടു, തൊട്ടില്ലാ” എന്നത്ര അകലമിട്ട്, മടിയിൽ വച്ച, മിനിമം രണ്ട് മൊബൈൽ ഫോണേലും “വാട്ട്സപ്പിൽ” ചാറ്റ് ചെയ്ത്, ഒരു ചെയ്ഞ്ചിനു ഫോണിൽ നിന്നു കണ്ണെടുത്ത് മുന്നിലേക്ക് നോക്കി, ഇവർ വാഹനമോടിക്കുന്നു. വർഷങ്ങളായി ഇവിടെക്കിടന്നു വിളഞ്ഞ മലയാളികളും ഈ “സ്റ്റൈൽ” അനുകരിക്കാൻ ശ്രമിച്ച്, ഫാസ്റ്റ് ലെയിനിൽ തന്നെ വാഹനമോടിക്കുന്നു. ഇതൊക്കെയാണെങ്കിലും, റഷവറിലും, ട്രാഫിക് ബ്ലൊക്കിന്റെ സമയത്തും, ഇവറ്റകൾ മറ്റു ലെയിനുകളിലൂടെ നൂഴ്ന്ന്, വലത്തേയറ്റത്ത് പോലീസിനും എമർജൻസി സർവ്വീസിനും വേണ്ടി തിരിച്ചിട്ടിരിക്കുന്ന ഹാർഡ് ഷോൾഡർ യദേഷ്ടം ഉപയോഗിക്കുന്നു. (പോലീസ് പിടിച്ചാൽ, ഫൈൻ അടച്ച് പണ്ടാരമടങ്ങിപ്പോകുമെന്ന പേടികൊണ്ട്, “ഇന്ത്യൻ ലോക്കൽസ്”, ഈ ഷോൾഡർ ഇടപാടിനു മുതിരാറില്ല!)

മിഡിൽ ലെയ്ൻ.

ഇന്ത്യാക്കാരും പാകിസ്താനികളും ഓടിക്കുന്ന ട്രക്കുകളും, ഇന്ത്യൻ വനിതകളുടെ കാറുകളും കൈയ്യടക്കിയിരിക്കുന്നു. ഇരുവശത്തും ഉള്ള വരകളുടെ നടുക്ക് വാഹനം ബാലൻസ് ചെയ്തു ഓടിക്കാമെന്നുള്ളതു കൊണ്ടായിരിക്കാം നമ്മുടെ സഹോദരിമാർ, തല്ലിക്കൊന്നാലും   മിഡിൽ ലെയ്ൻ വിട്ടു പൊകാത്തത്. നൂറു കിലൊമീറ്റർ സ്പീഡ് ലിമിറ്റുള്ള സ്ഥലത്ത്, ഒരറുപത്തഞ്ച് കിലൊമീറ്റർ സ്പീഡിൽ, നടുവിലത്തെ ലെയ്നിൽ “ട്രാം” പൊലെ പത്തിരുപത് വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നെങ്കിൽ ഊഹിക്കാം, ഏറ്റവും മുന്നിലത്തെ വാഹനം ആരായിരിക്കും ഓടിക്കുന്നതെന്ന്! പുതുതായി ലൈസൻസ് കിട്ടിയവരേയും ഈ ലെയ്നിൽ  ആണു പൊതുവേ കാണുക.

സ്ലൊ ലെയ്൯!

വളരെ അത്യാവശ്യമായി “മെല്ലെ” പൊകേണ്ടവർക്കുവേണ്ടി, ഈ ലെയ്൯ ഒഴിച്ചിട്ടിരിക്കുന്നു.

യുദ്ധവും സമാധാനവും!

പാതിരാത്രിയോ, അതോ കൊച്ചു വെളുപ്പാൻ കാലമോ?  സമയം നല്ല നിശ്ചയമില്ല. നല്ല ഇരുട്ടാണ്‌. നിശബ്ദവും.(അതെ, സൂചി വീണാൽ കേൾക്കാവുന്നത്ര!). അപ്പോഴാണ്‌ എന്റെ യുദ്ധപ്രഖ്യാപനം! അഴിമതിക്കെതിരെ, കെടുകാര്യസ്ഥതക്കെതിരേ, അക്രമങ്ങൾക്കെതിരെ. എന്തിനധികം?, ഈ നാട്ടിലെ എല്ലാ ചീഞ്ഞ വ്യവസ്ഥിതിക്കെൾക്കുമെതിരെ, തുറന്ന യുദ്ധം!
പിന്നെ അധികം ആലോചിച്ചു സമയം കളഞ്ഞില്ല. (കളയാൻ സമയം അധികമില്ലല്ലോ കൈയ്യിൽ!). ഗവർണ്ണറോടു ശിപാർശ ചെയ്തു നിയമസഭ പിരിച്ചു വിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നന്നേ സമ്മർദം ചെലുത്തി ഉടനടി തിരഞ്ഞെടുപ്പ് പ്രഖാപിച്ചു. നൂറ്റിനാല്പത് സീറ്റിലും ഒറ്റയ്ക്ക് കേറിനിന്നങ്ങു മത്സരിച്ചു, വൻഭൂരിപക്ഷത്തിൽ ജയിച്ചു കേറി.   മുഖ്യമന്തിയായും ബാക്കി ഭരണഘടന അനുവദിക്കുന്ന പതിനാലു വകുപ്പുമന്ത്രിമാരായും, ദൈവനാമത്തിലും ദൃഡപ്രതിജ്ഞയിലും മാറി മാറി സത്യപ്രതിജ്ഞ ചെയ്ത്, തുരുതുരേ ഒപ്പുകളിട്ട്, ഗവർണ്ണറുടെ കൈകൾ പിടിച്ചു കുലുക്കി, സ്റ്റെഡി ആയി നിന്ന് ദേശീയഗാനം പാടി,  അധികാരമേറ്റെടുത്തു.

ആദ്യം തലസ്ഥാനത്ത് കുമിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന സകല ചവറുകളും വാരിക്കൂട്ടി വിളപ്പിൽശാലയിൽ തന്നെ കൊണ്ടുചെന്നിട്ടു കത്തിച്ചു. അത് വളമാക്കി നാട്ടുകാർക്ക് സബ്സിഡി നിരക്കിൽ വിറ്റു. കച്ചവടക്കരിൽനിന്നും നികുതി പിരിക്കാൻ ആഗോള ടെന്ടെർ വിളിച്ചു കൊട്ടേഷൻ കൊടുത്തു. അവർ ചുറുചുറുക്കോടെ പണിയെടുത്തു സർക്കാർ ഘജനാവ് നിറച്ചു. വളംവിറ്റുകിട്ടിയതും നികുതി പിരിച്ചതും ചേർത്ത് റോഡായ റോഡെല്ലാം ടാറിട്ടു. കട്ടപ്പുറത്തിരുന്ന സകല ആനവണ്ടികളും നന്നാക്കി റോഡിലിറക്കി. ദിവസക്കൂലിക്ക് ആളെ വച്ച് നാട്ടിൽ നെടുകേം കുറുകേം സർവ്വീസ് നടത്തി ലാഭമുണ്ടാക്കി ശമ്പളം കൊടുത്തു. ബാക്കി കാശുകൊണ്ട് മൂന്നു ഗഡു ക്ഷാമബത്തയും. സ്ഥലമെടുപ്പിനു  കൊട്ടെഷൻ കൊടുത്ത്,  കൊച്ചിയിൽ മെട്രൊയും, തിരുവനന്തപുരത്തും, കോഴിക്കൊട്ടും, മോണൊയും കൊണ്ടുവന്ന്, പാവം കുത്തക കച്ചവടക്കാരുടേയും പ്രൈവറ്റ് ബസ് മൊതലാളിമാരുടേയും ബിരിയാണിയിൽ മണ്ണുവാരിയിട്ടു.

കിട്ടിയ സമയം കൊണ്ട് സകല വീടുകളിലും മഴക്കുഴി തോണ്ടിയും മരങ്ങൾ വെച്ച് പിടിപ്പിച്ചും, കിണറുകളിലും  പൈപ്പായ പൈപ്പുകളിലുമെല്ലാം നല്ല ശുദ്ധമായ വെള്ളമെത്തിച്ചു. ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് ഈജിപ്തി വർഗത്തിൽ പെട്ട കൊതുകുകളെയും സ്ത്രീ പീഡനക്കാരെയും തെരഞ്ഞുപിടിച്ച് പണികൊടുത്തു.

ജാതിമതഭേദമന്യേ സകല സാമുദായിക-മതമേലധ്യക്ഷന്മാരെയും ഇടയ്ക്കിടയ്ക്ക് വിളിച്ചു ചായയും പലഹാരങ്ങളും കൊടുത്തു വിട്ടു. മൂന്നാറിൽ നിന്നും സകല ഭൂമാഫിയാകളെയും കൂടും കുടുക്കേമെടുപ്പിച്ചു പറഞ്ഞുവിട്ടു.

ചാനലുകാരുടെ  ഉപജീവനത്തിനുവേണ്ടി “മന്ത്രിസഭാപുന:സംഘടന” എന്ന പേരിൽ ഒരു  ക്ഷേമപദ്ധ്യതി ആവിഷ്കരിച്ച്, ഇടയ്ക്കിടെ ഞാനെന്റെ വകുപ്പുകളെല്ലാം മാറ്റിമറിച്ചു. ചാനലുകാർ ഓരോ പുന:സംഘടനയും അവരുടെ പ്രൈം-ടൈമിൽ കൂലംകക്ഷമായി  ചർച്ച ചെയ്ത് റ്റീയാർപീ* കൂട്ടി. പുന:സംഘടനയുടെ പേരില് വതുവെയ്പ് നടത്തിയ കശ്മലന്മാരെ തൊണ്ടിയോടെ പൊക്കി അകത്തിട്ടു.

ഇങ്ങനെ  രാപകലില്ലാതെ അധ്വാനിച്ച് ക്ഷീണിച്ച ഞാൻ എപ്പോഴോ  തളർന്നുകിടന്നുറങ്ങി.

അതിരാവിലെ ഭാര്യ തട്ടിവിളിച്ചപ്പോൾ കണ്ണ് തിരുമ്മിയെഴുന്നേറ്റ്, പല്ലുതേച്ച്, കുളിച്ച്, വസ്ത്രം മാറി , അവൾ സാൻവിച്ച് ബാഗിൽ പൊതിഞ്ഞു തന്ന രണ്ടു റൊട്ടിക്കഷണവുമെടുത്ത് ഞാൻ ഓഫീസിലെ ദൈനദിന യുദ്ധങ്ങളിലേക്ക് യാത്രയായി. ശാന്തനായി, സമാധാനത്തിന്റെ ഒരു കാവൽമാലാഘയെപ്പോലെ!

*TRP – Target Rate Point – A ponting system to measure a TV channels viewership.